കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയെടുത്ത് സിപിഐഎം. എട്ടുപേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടി എടുത്തത്.

മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രനെയും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ചക്രപാണി ഒഴികെയുള്ള ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്ക് ആറു മാസത്തെ സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ പുറത്താക്കാനും സി പി എം തീരുമാനിച്ചു. പൊറത്തിശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍കുമാര്‍ ( ബാങ്ക് സെക്രട്ടറി ), പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ബിജു കരീം (മെയിന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ), തുറു പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം ജിന്‍സണ്‍ ( സീനിയര്‍ എക്കൗണ്ടന്റ് ) എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഇതേ സമയം കേസിലെ പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തട്ടിപ്പിനിരയായവരില്‍ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാന്‍ ഇവര്‍ നടത്തിയ ക്രയവിക്രയങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതിയെ ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *