നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ആരോഗ്യ മേഖലയ്ക്കാണ് ഈ സമയത്ത് പ്രഥമ പരിഗണന നല്‍കേണ്ടത്. മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഭക്ഷ്യകിറ്റ് നല്‍കി വരികയാണ്. പെന്‍ഷന്‍ കൃത്യമായി എത്തിക്കുന്നു. പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ രണ്ടാം പാക്കേജ് നല്‍കുന്നു. അതീവ ദരിദ്രരെ കണ്ടെത്താന്‍ പ്രത്യേക പദ്ധതി. ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് 2900 കോടിയുടെ പാക്കേജ്. ആയിരം രൂപ വീതം ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റിന് പുറമേ ഓണക്കിറ്റും നല്‍കും. കാര്‍ഷിക ആവശ്യത്തിനും വാണിജ്യാവശ്യത്തിനുള്ള പ്രത്യേക വായ്പ നല്‍കാനും തീരുമാനം ഉണ്ട്. പ്രതിസന്ധി ഉണ്ട് എന്നാല്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണം. ലോകത്ത് ഏറ്റവും മോശം കേരളം എന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ശമ്പളം നല്‍കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ 5 വര്‍ഷമായി കേരളത്തില്‍ സാമ്പത്തിക രംഗം സതംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പോലും ഭക്ഷണം, മരുന്ന് എന്നിവ കിട്ടാതെ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ല. പക്ഷെ എല്ലാ മേഖലയിലും ബുദ്ധിമുട്ട് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *