ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച് അയിഷ സുല്‍ത്താന. ഭരണകൂടം തന്റെ പക്കല്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ആയിഷ കോടതിയെ സമീപിച്ചത്.

ആരുടെ കൈവശമാണ് തന്റെ ലാപ്ടോപ്പും ഫോണുമെന്ന് വ്യക്തമല്ലെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോപണം. പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ലാപ്ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണ്.

ലാപ്ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പരിശോധനാ ഫലങ്ങളില്‍ തിരിമറി നടത്താനുള്ള സാധ്യത കാണുന്നുണ്ട്. ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചര്‍ച്ച നടക്കുമ്പോള്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ചര്‍ച്ചയ്ക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചു എന്നതു ശരിയല്ല. ഫോണില്‍നിന്നു വാട്സാപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു എന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തന്റെ അക്കൗണ്ടിലേക്കു പ്രവാസികള്‍ പണം അയച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്നും ആയിഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *