ഗോസിപ്പുകൾ വ്യാജം;പിരിയാനുള്ള കാരണം വ്യക്തിപരം;പരസ്പര ധാരണയിലെടുത്ത തീരുമാനമെന്ന് മേതില്‍ ദേവിക

0

നടൻ മുകേഷുമായി വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. ലീഗല്‍ നോട്ടീസ് അയച്ചുവെന്നും മേതില്‍ ദേവിക പറഞ്ഞു.വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയതായും അവര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായത്. മുതിര്‍ന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹത്തിനു മേല്‍ ചെളിവാരിയെറിയാന്‍ താല്‍പര്യമില്ല. നടന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നത്- ദേവിക പറഞ്ഞു.

തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ട് വക്കീല്‍ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. അവിടെവച്ചാണ് കല്യാണം നടന്നതും. ഒന്നും വാങ്ങിയെടുക്കാനുള്ള ഉദ്ദേശമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും- മേതിൽ ദേവിക പറഞ്ഞു.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മേതില്‍ ദേവിക ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നുവെന്നടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ഇവര്‍ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here