കൊവിഡ് പ്രതിരോധം പരാജയപ്പെട്ടു എന്നതരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ഇന്ത്യയില്‍ത്തന്നെ, കൊവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിന്‍ ഇത്ര മെച്ചപ്പെട്ട രീതിയില്‍, കാര്യക്ഷമമായി ഉപയോഗിച്ച മറ്റൊരു സംസ്ഥാനവുമില്ല. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിനും കേരളം ഇന്നു സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ ഫലമായി നീണ്ട അടച്ചിടലുകള്‍ വേണ്ടിവന്നതോടെ തൊഴില്‍ശാലകള്‍ നിശ്ചലമായി. സാധാരണ നിലയില്‍ ജീവിതോപാധികള്‍ ഇല്ലാതായിത്തീരുന്ന ഈയവസ്ഥയില്‍ പട്ടിണി മരണങ്ങള്‍ പടരേണ്ടതാണ്. എന്നാല്‍, കേരളത്തില്‍ ഒരാള്‍ക്കു പോലും വിശന്ന് അന്തിയുറങ്ങേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഘട്ടത്തില്‍ത്തന്നെ ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. അതിനുതകുന്ന ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.

രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും, ടി.പി.ആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്‍ക്കുന്നതും ആശങ്കാജനകമാണെന്നു പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചിലര്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനു വീഴ്ചപറ്റിയിരിക്കുന്നുവെന്നും ഇപ്പോള്‍ തുടരുന്ന നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളല്ല നാം അവലംബിക്കേണ്ട മാതൃക എന്നുമുള്ള ചര്‍ച്ചകളുമുണ്ട്. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതൊക്കെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും നമ്മുടെ നാട്ടില്‍ ഈ രോഗബാധയേല്‍ക്കാന്‍ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവര്‍ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ വന്‍നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് നമ്മുടേതെന്നും, രോഗം വലിയ രീതിയില്‍ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന നാടാണ് കേരളമെന്നും അവര്‍ക്കറിയാം. ഇതിനൊക്കെ പുറമെ ഈ മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് എന്നതും, അറിയാവുന്നവര്‍, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സെറോ പ്രിവലെന്‍സ് സര്‍വ്വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന്‍ പോലും നഷ്ടപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തിന്റെ മരണനിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്.

എന്നാല്‍, ഇവിടെ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍, ആ വീഴ്ച വരുത്തിയതില്‍ ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്തു ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും നാടിന്റെ വികസനത്തോടൊപ്പം സംഭവിച്ചേക്കാമെന്ന് കരുതപ്പെടുന്ന മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകള്‍ കൂടി ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശീയമായി വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്. വേണ്ടത്ര വാക്സിന്‍ ഉത്പാദനം ഇല്ലാത്തതാണ് വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു കാരണം. ഇനിയൊരു ഘട്ടത്തില്‍ ഇത്തരം പകര്‍ച്ചവ്യാധികളെ അതിജീവിക്കണമെങ്കില്‍ വാക്സിന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *