പത്തനംതിട്ട: റാന്നിയില്‍ കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. അങ്ങാടി എസ്ബിഐയ്ക്ക് മുന്നില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദീപ്, അനില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.
ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. അനില്‍ കുമാറിന്റെ കടയിലെത്തിയ ഇവര്‍ കാരറ്റെടുത്തു കടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി തടയാന്‍ ശ്രമിച്ചത്.
ഇതില്‍ പ്രകോപിതരായ പ്രദീപും അനിലും ജീവനക്കാരിയുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ വിഷയത്തില്‍ ജീവനക്കാരിയുടെ ഭര്‍ത്താവും ഇടപെട്ടു. ഇയാളും ഈ കടയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
അതിനിടെ ഇവിടെ നിന്നു പോയ പ്രദീപും അനിലും വടിവാളുമായി തിരിച്ചെത്തി മഹാലക്ഷ്മിയേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ ഒരുങ്ങി. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ കുമാറിനെ വെട്ടിക്കൊന്നത്. മഹാലക്ഷ്മിക്കും വെട്ടേറ്റ് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.