കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് വിഡി സതീശന് പറഞ്ഞു. രാഹുലിനെതിരെ പരാതിയില്ല, എഫ്ഐആറില്ല- എന്നിട്ടും ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട 2 പേര് മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തുവെന്നും വിഡി സതീശന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്.
എന്നിട്ട് പ്രതിയെ സ്വന്തം ഓഫീസിലാക്കി. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയര്‍ത്തുന്നത്. എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്. ഒരു അവതാരം വന്നു പറഞ്ഞ കാര്യങ്ങളില്‍ മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒരു മാനനഷ്ട കേസ് കൊടുത്തോ. ഒരു പാര്‍ട്ടി നടപടി ഉണ്ടായോ. മറ്റൊരു മുന്‍ മന്ത്രിയുടെ ഓഡിയോ രണ്ടു വര്‍ഷമായി വാട്സാപ്പില്‍ കറങ്ങി നടക്കുന്നുണ്ട്. ആരോപണ വിധേയരെ ഇത്രയും സംരക്ഷിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഹവാല റിവേഴ്സ് ഹവാല ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് എന്തു നടപടി എടുത്തു. ഒരു മറുപടി പറഞ്ഞോ മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും വിഡി സതീശന് പറഞ്ഞു.
