പാലക്കാട് കരിങ്കരപ്പുള്ളി യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം ഉടമ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇവർ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ പെട്ടന്ന്കുഴിച്ചിടുകയായിരുന്നെന്നുമാണ് സ്ഥലമുടമയുടെ മൊഴി. സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടിൽ അനന്തനെ(52) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ‌ക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും.
ഇന്നലെ വൈകിട്ടാണ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപം വയലിൽ 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അടിപിടിക്കേസിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് മൃത​ദേഹങ്ങൾ കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് വിവരം. ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും.

ഞായറാഴ്ച രാത്രി വേനോലിയിൽ ഉണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ഇവർ പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്. അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *