തിരുവനന്തപുരം∙ എൻഎച്ച്എം ഡോക്ടർ നിയമനത്തിൽ തന്റെ പഴ്നൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാവങ്ങിയെന്ന പരാതിയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്ന് അറിയിച്ച മന്ത്രി, അഖിൽ മാത്യു തന്റെ ബന്ധുവല്ലെന്നും വ്യക്തമാക്കി. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി മലപ്പുറം സ്വദേശി ഹരിദാസനാണ് രംഗത്തെത്തിയത്. മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു. സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസന്റെ പരാതിയിലുണ്ട്.
∙ മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന്
‘‘നാഷനൽ ആയുഷ് മിഷന്റെ (നാം) താൽകാലിക നിയമനവുമായി ബന്ധപ്പെട്ട് ഒരാൾക്ക് പണം നൽകിയെന്ന് ഒരാൾ ഓഫിസിനു പുറത്ത് വച്ച് പ്രൈവറ്റ് സെക്രട്ടറി (പിഎസ്) യോട് പരാതി പറഞ്ഞു. പിഎസ് ഇക്കാര്യം എന്നെ അറിയിച്ചു. രേഖാമൂലം പരാതി എഴുതിവാങ്ങാൻ ഞാൻ നിർദേശിച്ചു. വന്നയാളോട് പരാതി രേഖാമൂലം എഴുതി നൽകാൻ പിഎസ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 13ന് റജിസ്റ്റർ പോസ്റ്റായി പരാതി ലഭിച്ചു. പഴ്സനൽ സ്റ്റാഫ് അംഗത്തിനുകൂടി പണം നനൽകിയതായി പരാതിയിലുണ്ട്. പഴ്സനൽ സ്റ്റാഫ് അംഗത്തോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിവും ഇല്ലെന്ന് വസ്തുതകൾ നിരത്തി അറിയിച്ചു.
ഇതേ തുടർന്ന് പിഎസിനോട് പൊലീസിൽ പരാതി നൽകാനും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കാനും പറഞ്ഞു. 20ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 23ന് പൊലീസില്‍ പരാതി നൽകി. പഴ്സനൽ സ്റ്റാഫിന്റെമേൽ, അയാൾ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതും ആദ്യ പരാതിയിലും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതിയാണ്. അഴിമതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല. പൊലീസ് അന്വേഷിക്കട്ടെ. ശാസ്ത്രീയമായി തെളിവുകൾ ഉണ്ടല്ലോ. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ല.
എന്റെ ഓഫിസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. എന്റെ ഓഫിസിൽ നിന്ന് മെയിൽ പോകാനുള്ള ഒരു സാധ്യതയുമില്ല, സാഹചര്യവുമില്ല. താൽകാലിക നിയമനത്തിന് മന്ത്രിയുടെ ഓഫിസിൽനിന്നാണോ മെയിൽ പോകുന്നത്?. എവിടെ നിന്നാണ് മെയിൽ പോയതെന്ന് ഉൾപ്പെടെ അന്വേഷിക്കും. അഖിൽ മാത്യു എന്റെ ബന്ധു അല്ല. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കിൽ അന്വേഷിക്കാം. എന്റെ ഓഫിസിൽ ജോലി ചെയ്ത ആളാണെന്നെയുള്ളൂ’’– മന്ത്രി പറഞ്ഞു.
