കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. വിചാരണ നിർത്തിവെയ്ക്കണമെന്ന അഭിഭാഷകൻ ബി എ ആളൂരിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നവംബർ 11 ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിൻ പൊഹ്വാ, ആർ പി ഗോയൽ, ആർ. വി. ഗ്രാലൻ എന്നിവർ ഹാജരായി.ഈ മാസം ആദ്യം, സന്ദീപിന്റെ വിടുതൽ ഹ‍‍‍ർജി സുപ്രീം കോടതി തള്ളിയിരുന്നു. വിടുതൽ ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരുന്നു. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിടുതൽ ഹ‍ർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവരാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *