മട്ടന്നൂർ∙ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചുപിടികൂടി. കൂടാളി ചിത്രാരിയിൽവച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിൽ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്.
വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ സാധിക്കാതെ വന്നു. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും സമീപത്ത് വനമില്ലാത്തതിനാൽ തുരത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതെത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
