കൊല്ലം: അഞ്ചലിൽ യുവതിയെ ആൺസുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടമുളയ്ക്കൽ സ്വദേശിനി ലിസിയെയാണ് ഒപ്പം താമസിച്ചിരുന്ന കല്ലമ്പലം സ്വദേശി റെജി തിന്നർ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പ്രതിയായ റെജിയെ അഞ്ചൽ പൊലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹോം നഴ്സിങ് ജോലിക്ക് പോകുന്നതിനെച്ചെല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. സംഭവദിവസവും ഇതുമായി ബന്ധപ്പെട്ട് വഴക്ക് നടക്കുകയും, തുടർന്ന് റെജി പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ലിസിയുടെ ദേഹത്തൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്ന് ലിസി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആക്രമണത്തിൽ ലിസിയുടെ മുഖത്തും കഴുപ്പിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ ഉടൻ തന്നെ ലിസിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ യുവതിക്കൊപ്പമുണ്ടായിരുന്ന റെജിയെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നാണ് അഞ്ചൽ പൊലീസ് പിടികൂടിയത്.
