പാലക്കാട്: പാലക്കാട്ടെ ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് വിവാദത്തിലായ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ചെയര്‍പേഴ്‌സനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. പ്രമീളയ്‌ക്കെതിരെ കൃഷ്ണകുമാർ നീക്കം ശക്തമാക്കിയതോടെയാണ് കോൺഗ്രസിൻ്റെ നീക്കം. കഴിഞ്ഞ കുറച്ചുനാളുകളായി പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷമാണ്. സി കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ നേരത്തേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ സി കൃഷ്ണകുമാര്‍ പക്ഷം പ്രമീള ശശിധരനെതിരെ നീക്കം കടുപ്പിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ബിജെപി ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രമീളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണകുമാര്‍ പക്ഷം ഉന്നയിച്ചത്. 23 പേര്‍ അടങ്ങിയ ജില്ലാ കമ്മിറ്റിയില്‍ പതിനെട്ട് പേര്‍ പ്രമീള ശശിധരന്റെ രാജി ആവശ്യപ്പെട്ടു. പ്രമീളയുടെ നടപടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയെന്നായിരുന്നു യോഗത്തില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. രാഹുലിനെതിരെ സമരം ചെയ്ത കേസില്‍ പ്രതിയായവരോട് പാര്‍ട്ടി എന്ത് മറുപടി പറയുമെന്നും പ്രവര്‍ത്തകര്‍ ചോദിച്ചു. പ്രമീളയ്‌ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കം തകരുമെന്നും ചെയ്തത് തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രമീള ഏറ്റ് പറയണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നല്‍കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പ്രമീള പങ്കെടുത്തിരുന്നില്ല.
നേരത്തെ പാലക്കാട്ടെ പരിപാടികളില്‍ നിന്ന് കൃഷ്ണകുമാര്‍ ഇടപെട്ട് മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രമീള ശശിധരന്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അടുത്തിടെ നഗരസഭ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച രണ്ട് പരിപാടികളുടെ ഉദ്ഘാടനം സി കൃഷ്ണകുമാര്‍ ഇടപെട്ട് നടത്തിയിരുന്നു. ഒരു പരിപാടിയുടെ ഉദ്ഘാടനം പി ടി ഉഷയായിരുന്നു നിര്‍വഹിച്ചത്. നഗരസഭ ചെയര്‍പേഴ്‌സനെയും വൈസ് ചെയര്‍മാനെയും അറിയിക്കാതെയായിരുന്നു ഉദ്ഘാടന പരിപാടി. ഇതാണ് പ്രമീള ശശിധരനെ ചൊടിപ്പിച്ചത്. ഇതിനെതിരെ പ്രമീള സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള വേദിപങ്കിട്ട സംഭവം വിവാദമാകുന്നത്. ഇതോടെ കൃഷ്ണകുമാര്‍ പക്ഷം നീക്കം ശക്തമാക്കുകയായിരുന്നു.
