സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. ക്ഷേമ പെൻഷനുകൾ അർഹതപ്പെട്ടവർക്കുള്ളതാണ്. ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായും പട്ടിക പുറത്ത് വിട്ടാൽ ഞെട്ടും. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അധ്യാപകരുമുൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു.രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്‌. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും, കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *