ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം മൂന്നാം ദിനവും നിർണായക ഘട്ടത്തിൽ തുടരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് ദൗത്യസംഘം തീവ്രശ്രമം നടത്തുകയാണ്. നിലവിൽ തുരുത്തിൽ നിന്ന് മറയൂർ കുടി, 301 കോളനി ഭാഗത്തേക്കാണ് ആന നീങ്ങുന്നത്. ചക്കക്കൊമ്പനെ 301 കോളനി ഭാഗത്തേക്ക് എത്തിക്കാനായാൽ മയക്കുവെടിവെക്കാനുള്ള നടപടികൾ എളുപ്പമാകുമെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.
നടുത്തുരുത്തി ഭാഗത്തുള്ള ആന പന്നിയാർ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ബോട്ടിലും പ്രത്യേക സംഘത്തെ വിന്യസിച്ചു. ആന പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ ദൗത്യം വലിയ വെല്ലുവിളിയാകുമെന്ന് സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ വ്യക്തമാക്കി. തുടർച്ചയായ മൂന്ന് ദിവസത്തെ പരിശ്രമം മൂലം ദൗത്യസംഘാംഗങ്ങൾ ക്ഷീണിതരാണെന്നും, വിജയിച്ചില്ലെങ്കിൽ പോലും ദൗത്യം ഇന്ന് (നവംബർ 27) അവസാനിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനമെന്നും സി.സി.എഫ്. അറിയിച്ചു. ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ചത് കൊണ്ട് മാത്രം പ്രയോജനമില്ലെന്നും ആനയെ പ്രദേശത്ത് നിന്ന് പിടിച്ചുമാറ്റേണ്ടിവരുമെന്നും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. റേഡിയോ കോളർ ഇടാൻ പോലും അടുക്കാൻ കഴിയാത്തവിധം അപകടകാരിയും വിനാശകാരിയുമാണ് ആന. ജനവാസ മേഖലയിലിറങ്ങി വീടുകളും കൃഷിയും നശിപ്പിച്ച് മനുഷ്യരുടെ ഉപജീവനം മുട്ടിക്കുന്ന കാട്ടാനയെ പിടിച്ചുമാറ്റുക എന്നതാണ് ലോകനിയമമെന്ന് എം.പി. ചൂണ്ടിക്കാട്ടി.
