കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന ആവശ്യവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇളയ സഹോദരൻ സ്വപൻ ബാനർജി (ബാബുൻ ബാനർജി) രംഗത്ത്. കൊൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയത്.
‘ഞാൻ ഏറെ സഹിച്ചു കഴിഞ്ഞു’ എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ബാബുൻ ബാനർജി, ദീർഘകാലമായി താൻ വിവിധ ഭീഷണികൾ നേരിട്ടാണ് ജീവിക്കുന്നതെന്നും ആരോപിച്ചു. പ്രദേശത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തടസ്സപ്പെടുത്തിയതാണ് പൊലീസിനെ സമീപിക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണം. 2024 മുതൽ ഭീഷണികളും ക്ലബ്ബുകൾ ബലമായി പിടിച്ചെടുക്കലും നടക്കുന്നുണ്ടെന്നും, സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ നിന്ന് തടയാൻ ക്രിമിനൽ ശക്തി ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടാക്കൽ, ഭരണഘടനാ സ്ഥാപനങ്ങൾക്കും ജുഡീഷ്യറിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
സഹോദരി മമതാ ബാനർജിയോട് കാര്യങ്ങൾ നേരിട്ട് പറയാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും പൊലീസ് തന്നെ തടയുകയായിരുന്നുവെന്നും ബാബുൻ ബാനർജി വ്യക്തമാക്കി.
2024 മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും ഹൗറയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മമതാ ബാനർജി ബാബുനുമായുള്ള ബന്ധം പരസ്യമായി വിച്ഛേദിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ബാബുൻ ബാനർജി നിരന്തരം പുകഴ്ത്തുകയും, തന്റെ പ്രദേശത്തെ ദുർഗാ പൂജ ഉദ്ഘാടനത്തിന് ക്ഷണിച്ച് അദ്ദേഹത്തിന്റെ പാദം തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഇത് ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചെങ്കിലും അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നിട്ടില്ല. അതേസമയം, ആരോപണങ്ങളോട് അഭിഷേക് ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
