തിരുവനന്തപുരം: പുതിയ തലത്തിലേക്കുയര്‍ന്ന് ഐഎഎസ് ചേരിപ്പോര്. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് എന്‍. പ്രശാന്ത് ചോദിച്ചത്. ഇതിനുശേഷം ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപാലകൃഷ്ണനും പരാതി നല്‍കിയിട്ടില്ല പിന്നെ സര്‍ക്കാറെന്തിനാണ് സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കുന്നത് എന്നതതാണ് ആദ്യ ചോദ്യം. സസ്പെന്‍ഡ് ചെയ്യുന്നതിനും ചാര്‍ജ് മെമ്മോ നല്‍കുന്നതിനും മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചോദിക്കുന്നു. ചാര്‍ജ് മെമ്മോകള്‍ക്കൊപ്പം വെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ആരാണ് ശേഖരിച്ചത്, ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പ്രശാന്ത് ഉന്നയിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചു എന്നും സസ്പെന്‍ഷനില്‍ ആയ ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും കുറ്റപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് ചാര്‍ജ്ജ് മെമ്മോ അയച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ കെ.ഗോപാലകൃഷ്ണനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ എന്‍.പ്രശാന്തിനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്.