തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നമെന്നും എല്‍ഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനില്‍കുമാര്‍ നടത്തിയത്.