തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച സംഭവത്തില്‍ തുടര്‍നടപടിക്ക് കസ്റ്റംസിന് അനുമതി നൽകി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറലിനും, അറ്റാഷെയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്.
നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിൽ കസ്റ്റംസ് തുടര്‍നടപടിക്കള്‍ക്കായി കേന്ദ്രത്തോട് അനുമതി തേടുകയായിരുന്നു.

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥവും അനുമതിയില്ലാതെ കേരളത്തിലെത്തിച്ചെന്ന ആരോപണത്തിലാണ് നടപടി. നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. നികുതി ഇളവോടെയുള്‍പ്പെടെ എത്തുന്ന ഇത്തരം വസ്തുക്കള്‍ ചട്ടവിരുദ്ധവും നിയമലംഘനവുമാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്. ഇത്തരം സാധനങ്ങള്‍ക്കൊപ്പം സ്വര്‍ണം കടത്തിയിരുന്നോ എന്നും ഈ സമയത്ത് കസ്റ്റംസ് പരിശോധിച്ചിരുന്നു.

മുന്‍മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പടെ സംഭവത്തില്‍ ആരോപണ വിധേയനായിന്ന കേസിൽ ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജലീലിനെ കൂടാതെ സംസ്ഥാന സര്‍ക്കാറിലെ പ്രോട്ടോക്കോള്‍ ഓഫീസറേയും കേസില്‍ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. രണ്ട് കേസുകളാണ് നയതന്ത്ര ചാനല്‍ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും എത്തിച്ചതിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കല്‍ നോട്ടീസ് സംബന്ധിച്ച നടപടികളുമായി മുന്നോട്ട് പോവുകയാണ് കസ്റ്റംസ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *