കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് ഇന്ന് 1.45 പരി​ഗണിച്ചേക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ചേംബറിൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോ​ഗം ചേർന്നതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിവച്ചത്. എന്നാൽ വീണ്ടും പ്രോസിക്യൂഷൻ തന്നെയാണ് ഇന്ന് ജാമ്യഹർജി പരി​ഗണിക്കാൻ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

നേരത്തെ കേസിൽ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും , ദിലീപ് അടക്കമുള്ള പ്രതികൾ ഇതിനു തയ്യാറായിരുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും, ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നൽകി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയിൽ നൽകാമെന്നും ദിലീപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *