പാലക്കാട്: നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ചെന്താമരയെ പിടികൂടാന്‍ ആന്റി നക്‌സല്‍ ഫോഴ്‌സും രംഗത്ത്. സംഘം ഉടന്‍ പ്രതി ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയില്‍ തിരച്ചില്‍ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്.
സംഭവത്തില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥ ലംഘിച്ചതില്‍ നടപടി എടുക്കാത്തതിലാണ് അന്വേഷണം. ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് വീഴ്ചയുടെ ആഘാതം എടുത്തുകാട്ടി ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാല്‍ പൊലീസ് ഒരു വിലയും നല്‍കിയില്ലെന്നും മക്കള്‍ പറഞ്ഞിരുന്നു.