തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം എസ്എൻഡിപി യോഗത്തെ നയിച്ചതിലെ മികവിനുള്ള അംഗീകാരമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസുമായുള്ള ഐക്യ ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപിയുടെ ലക്ഷ്യം കേവലം നായർ-ഈഴവ ഐക്യമല്ലെന്നും ‘നായാടി മുതൽ നസ്രാണി വരെ’യുള്ള വിശാലമായ ഐക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തോടോ വിശ്വാസത്തോടോ തനിക്ക് വിരോധമില്ലെന്നും എന്നാൽ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് എതിർപ്പുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗ് ഈഴവ സമുദായത്തെ ചതിക്കുകയാണ് ചെയ്തത്. സത്യങ്ങൾ തുറന്നു പറയുമ്പോൾ അത് വർഗീയതയായി വ്യാഖ്യാനിക്കപ്പെടുന്നു. ഈഴവ സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടുക എന്നത് സമുദായ നേതാവ് എന്ന നിലയിൽ തന്റെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിഷ്കളങ്കനാണെന്നും താൻ അദ്ദേഹത്തെ ഇപ്പോഴും ആദരിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഐക്യനീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന എൻഎസ്എസിന്റെ വാദം തെറ്റായ വ്യാഖ്യാനമാണ്. സുകുമാരൻ നായരെ തള്ളിപ്പറയാൻ താനില്ലെന്നും ഇന്നല്ലെങ്കിൽ നാളെ ഈ ഐക്യം സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
