തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയിട്ടുണ്ടെന്നും ഗേറ്റ് തുറക്കാൻ വൈകിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആശുപത്രി ഗേറ്റ് തുറന്നില്ല എന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ രോഗിയെ എത്തിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ അകത്ത് പ്രവേശിപ്പിക്കുകയും സാധ്യമായ ചികിത്സ നൽകുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് സഭയെ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ. വസ്തുതകൾ പരിശോധിക്കാതെ ആരോഗ്യ പ്രവർത്തകരെ നിരന്തരം അക്രമിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ സേവന സന്നദ്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. എന്നാൽ യു.ഡി.എഫ് കാലത്തെ ആരോഗ്യവകുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്.
2016ൽ തകർന്ന് തരിപ്പണമായി കിടന്ന ആരോഗ്യ മേഖലയെ ആണ് ഇത്രത്തോളം പുരോഗതിയിലേക്ക് മാറ്റിയെടുത്തതെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ സര്ക്കാര് ആശുപത്രികളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ ചർച്ചയില് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമേയ അവതാരകന്റെ മണ്ഡലത്തിൽ ജനുവരി 19ന് പുതിയ താലൂക്ക് ആശുപത്രി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നുവെന്നും ഇന്ന് 74 വയസ്സുള്ള ഒരു അമ്മ അവിടെ ഡയാലിസിസ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
12 ആശുപത്രികളിലാണ് 2016നു മുൻപ് ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നത്. അത് 120 ആശുപത്രികളായി ഇന്ന് ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞദിവസം നടത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജനറൽ ആശുപത്രിയിൽ ഇത് നടത്തുന്നത്. കേരളം ഐസിയുവിൽ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. 250 ലാബുകൾ UDF സർക്കാർ ആശുപത്രിയിൽ തുടങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ നടപ്പായില്ല. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങിയിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഇന്ന് കേരളത്തിൽ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു.
ചരിത്രത്തിൽ ഏറ്റവും വലിയ മാറ്റമാണ് കേരളത്തിലെ ആരോഗ്യരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ പത്ത് വർഷമായി ഉണ്ടായിട്ടുള്ളത്. എല്ലാ സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റമാണ് വന്നത്. ഇത്രയും വലിയ മാറ്റം സർക്കാർ ആശുപത്രികളിൽ നടന്നിട്ടുള്ള കാലം വേറെയില്ല എന്നത് പ്രതിപക്ഷ എംഎൽഎമാർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. മരുന്നില്ലാതിരുന്ന ഡോക്ടർമാരില്ലാതിരുന്ന ലാബ് സൗകര്യം ഇല്ലാതിരുന്ന ഒരു കാലത്ത് നിന്നാണ് ഈ മാറ്റം ഉണ്ടായത്. ഈ മാറ്റം അഭിമാനകരമായ ഒന്നാണെന്ന് മന്ത്രി പറഞ്ഞു.
