തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി പിന്തുണ തേടി മുസ്‌ലിം ലീഗ് നേതാക്കളായ എം.കെ മുനീറും പി.കെ കുഞ്ഞാലികുട്ടിയും താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി കൂടിക്കാഴ്ച നടത്തി. തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപെട്ടത് സഭയുടെ അതൃപ്തിയാണെന്ന് ആയിരുന്നു വിലയിരുത്തല്‍.മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെയാണ് പരിഗണിക്കുന്നത്.ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് ഇതിന് സമ്മതം നല്‍കിയിരുന്നില്ല. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫില്‍ അന്തിമ തീരുമാനം ആകാത്ത സാഹചര്യത്തില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ താമരശ്ശേരി ബിഷപ്പുമായുള്ള ചര്‍ച്ചയില്‍ വരും.