കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണണെന്ന ഹര്‍ജിയിലെ ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണു ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.