ഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചു.പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണം. ഹൈക്കമാന്‍ഡ് ഇന്ന് വിളിച്ച യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല.

കെപിസിസിയില്‍ സമ്പൂര്‍ണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ പിസിസി അധ്യക്ഷന്‍,പത്ത് ജില്ലകളില്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്മാര്‍ എന്നിങ്ങനെയുള്ള കാതലായ മാറ്റമില്ലാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്,നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ നേരിടാനാവില്ലെന്നാണ് ദീപാദാസ് മുന്‍ഷിയുടെനിലപാട്.

അതേസമയം നേതൃമാറ്റമെന്ന വിഷയം ഇപ്പോള്‍ അജണ്ടയിലില്ലെന്ന നിലപാടാണ് പരസ്യമായി നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. നേതൃമാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ കെ.സുധാകരന്‍ തയ്യാറായില്ല. സുധാകരനെ വിശ്വാസത്തിലെടുത്ത് മാറ്റം വരുത്താനാണ് ഹൈക്കമാന്‍ഡിന് താല്‍പര്യം.

Leave a Reply

Your email address will not be published. Required fields are marked *