ഇടുക്കിയെ വിറപ്പിക്കുന്ന അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ മയക്ക് വെടി വെക്കാനുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക് ഡ്രിൽ ഒഴിവാക്കി.
അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര് എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികളും ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്കി.
ഓരോ സംഘത്തിന്റെ തലവന്മാര് നില്‍ക്കേണ്ട സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, കൊമ്പനെ മയക്ക് വെടി വെച്ച് കൊണ്ടുപോകാനുള്ള ബലപ്പെടുത്തിയ വാഹനവും തയ്യാറാണ്.
നിലവിൽ കോടതിയിലുള്ള കേസിന്റെ വിധി നാളെ പ്രഖ്യാപിക്കും. വിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. അരികൊമ്പന് നിലവില്‍ ദൗത്യ മേഖലയായ സിമന്റ് പാലത്തിന് സമീപമാണ് ഉള്ളത്. പെരിയ കനാല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പന് തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകളും വനം വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.
