ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇന്റിഗോ വിമാനത്തിന്റെ പൈലറ്റിനെ അന്വേഷണം മുൻനിർത്തി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു രണ്ട് വിമാനങ്ങൾ അപകടകരമായത്ര അടുത്തേക്ക് വന്നത്. രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.റൺവേയിൽ പ്രവേശിക്കാനുള്ള ക്ലിയറൻസ് കാത്തുനിൽക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മറ്റൊരു വിമാനം ഉരസിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയതായിരുന്നു എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനം. എന്നാൽ അപകടമുണ്ടായ സമയത്ത് ഈ വിമാനം നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം അടർന്നുവീണു. ഇന്റിഗോ വിമാനത്തിന്റെ ചിറകിനും തകരാറുകൾ സംഭവിച്ചു.രണ്ട് വിമാനങ്ങളും പിന്നീട് ബേയിലേക്ക് തന്നെ കൊണ്ടുവന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിവിൽ വ്യോമയാന ഡയറക്ടറേറ്റും വിമാനത്താവള അധികൃതരും നടത്തുന്ന അന്വേഷണവുമായി കമ്പനി സഹകരിക്കുന്നുവെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. പുറമെ നിന്നുള്ള കാരണങ്ങൾ കൊണ്ട് യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ ഖേദം അറിയിക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു. ഇന്റിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ജോലികളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *