ബംഗ്ലാദേശ് സ്വദേശിയായ യുവതി ബെംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചു വീഴ്ത്തി. ആറ് പേരിൽ രണ്ട് പ്രതികളാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്ഷപ്പെടാൻ ശ്രമിച്ചത്. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് പ്രതികളും രക്ഷപ്പെടാൻ ശ്രമം നടത്തിയതോടെ വെടിയുതിർക്കേണ്ടി വരുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി ഡിസിപി എസ് ഡി ശ്രണപ്പയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

യുവതിയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികളടക്കം ആറ് പേർ വ്യാഴാഴ്‌ച അറസ്‌റ്റിലായത്. ബെംഗളൂരുവിൽ വെച്ചാണ് യുവതിക്ക് പീഡനം ഏൽക്കേണ്ടിവന്നതെന്നാണ് റിപ്പോർട്ട്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ബലാത്സംഗം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *