ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് കടന്നെത്തിയ താരങ്ങളെ കുറച്ച് ദുരം പിന്നിട്ടതിന് ശേഷം പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി, സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതിഷേധക്കാര്‍ ഖാപ് പഞ്ചായത്തില്‍ ചേരുന്നത് തടയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തടസ്സമാകുമെന്നതിനാല്‍ അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മുന്‍കൂട്ടി നിശ്ചയിച്ച മഹിളാ സമ്മാന് മഹാപഞ്ചായത്തിനെ പിന്തുണയ്ക്കുന്നവരെ തടഞ്ഞുവച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ‘ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന്’ അവര്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട സ്ത്രീകള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് രാജ്യം ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ബികെയു ഹരിയാന മേധാവി ഗുര്‍നാം സിംഗ് ചദുനി ഉള്‍പ്പെടെ ഹരിയാനയിലെ നിരവധി കര്‍ഷക നേതാക്കളെ പൊലീസ് അവരുടെ വീടുകളില്‍ തടഞ്ഞുവച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ക്രമസമാധാന നില കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയിലെ ഓള്‍ഡ് ബവാനയിലെ എംസിഡി സ്‌കൂളില്‍ ഡല്‍ഹി പൊലീസ് താല്‍ക്കാലിക ജയില്‍ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *