കോഴിക്കോട് ∙ ഭക്ഷണം കഴിച്ചയാൾ യുപിഐ ഇടപാടിലൂടെ പണം അയച്ചതിലൂടെ ഹോട്ടൽ തന്നെ പൂട്ടേണ്ട അവസ്ഥയിലായി താമരശേരി സ്വദേശി സാജിർ. 263 രൂപയാണ് ജയ്പുർ സ്വദേശി സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. തൊട്ടുപിന്നാലെ സാജിറിന്റെ അക്കൗണ്ട് മരവിച്ചു.

ബാങ്കിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് തനിക്ക് പണം അയച്ചതെന്ന് കാര്യം മനസ്സിലായത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നും ബാങ്കുകാർ പറഞ്ഞു.

കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ജയ്‌പുർ ജവഹർ നഗർ സർക്കിൾ എസ്എച്ച്ഒയെ ബന്ധപ്പെടാനാണ് നിർദേശം. ഹോട്ടലിലെ ചെറിയ വരുമാനം കൊണ്ടാണ് കടയിലെയും വീട്ടിലെയും കാര്യങ്ങൾ നടന്നുപോകുന്നത്. അക്കൗണ്ട് പൂർണമായും മരവിപ്പിച്ചതോടെ ഉള്ള പണം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സാജിർ.

Leave a Reply

Your email address will not be published. Required fields are marked *