വടകരയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു ഒന്തമല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തിന്റെ കാര്‍ കത്തിക്കുകയും ചെയ്തു. വാനിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. വാനില്‍ എത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്.

പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ കാരണമാണോ അതോ സാമ്പത്തിക കാരണങ്ങളാണോ എന്ന് അന്വേഷിച്ച് വരികയാണ്. ബിജുവിന്റെ കാര്‍ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നും പോലീസ് പറയുന്നു.2021 ജൂണ്‍ 28 നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 ന് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. അര്‍ജുന്‍ ആയങ്കിക്കെതിരെ അടുത്തിടെ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *