2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാന്‍ കാരണമായത്. സാമ്പത്തിക ബാധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും ധനമന്ത്രിക്ക് വേണ്ടി സഭയില്‍ ഹാജരായ മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞുവെന്നാണ് കണക്കുകള്‍ വിശദീകരിച്ച് മന്ത്രി സഭയെ അറിയിക്കുന്നത്. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാര്‍ജുകള്‍ കൂട്ടിയത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.
