തിരുവനന്തപുരം: സാധാരണക്കാരായ രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്‌ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍വശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയും.
ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.
ഇതുപോലെ എത്രയോ പേര്‍. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവര്‍, കൂടെ ഇരിക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിര്‍ത്തുന്നവര്‍, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിര്‍ത്തി ലോണെടുത്തും ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കള്‍ അനാഥാലയങ്ങളില്‍ തള്ളിയവര്‍, ലോട്ടറി കച്ചവടം ചെയ്തും വഴിയില്‍ ഭിക്ഷയെടുത്തും വരുന്ന ധാരാളം പേര്‍. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാന്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നത്. അവര്‍ക്ക് കൃത്യസമയത്ത്, മികച്ച ചികിത്സ നല്‍കാന്‍ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും രാപ്പകല്‍ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുന്നു.
പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങിത്തരുന്നത് കൊണ്ടാണ് കുറേയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.
