പാലക്കാട്: പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷിന് സ്ഥലംമാറ്റം. വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രി സുപ്രണ്ട് ആയാണ് സ്ഥലംമാറ്റിയത്. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന ഡിഎംഒ ടി വി റോഷ് തള്ളിയ നടപടി വിവാദമായിരുന്നു. വിവാദം നിലനില്‍ക്കെയുള്ള സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന ആക്ഷേപത്തിന് വഴിവെച്ചു.
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത്തരത്തിലൊന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ അറിയിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യവകുപ്പ് പ്രസ്താവ തിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച പാലക്കാട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ഇതിനെ തള്ളി ഡിഎംഒ രംഗത്തെത്തുകയായിരുന്നു.
പാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയില്‍ ഇരുവര്‍ക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും ചികിത്സയില്‍ ഉണ്ടായിരുന്നത്. പിന്നാലെ രണ്ട് പേര്‍ക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് തിരുത്തി.
