നരഹത്യ, തെളിവു നശിപ്പിക്കൽ കേസുകളിൽ കോടതി വിചാരണ നേരിടുന്ന കുറ്റാരോപിതനായ ഐ എ എസ്‌ ഉദ്യോഗസ്ഥനെ ആലപ്പുഴ ജില്ലാ കളക്ടറായി വിധി വരും മുമ്പ് നിയമിച്ചതിന് മുഖ്യമന്ത്രി പറഞ്ഞ ന്യായീകരണം വസ്തുതകൾക്കു വിരുദ്ധമാണെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ
ഐ എ എസ്‌കാരുടെ സർവ്വീസ് ജീവിതത്തിൽ, അവർ ജില്ലാകളക്ടർമാരായി സേവനം ചെയ്യണമെന്നത് സത്യമാണ്. പക്ഷേ , അതിന് അടിയന്തിര പ്രാധാന്യമുള്ള സമയക്രമം ഒന്നുമില്ല എന്നതാണ് വാസ്തവം അദ്ദേഹം പറഞ്ഞു
ഉദാഹരണത്തിന് ശ്രീ ഹർബജൻ സിംഗ് കൊല്ലം ജില്ലാ കളക്ടറായി നിയമിതനാകുമ്പോൾ അദ്ദേഹം സെക്രട്ടറി റാങ്കിലുള്ള ഐ എ എസ്‌ ഉദ്യോഗസ്ഥനായിരുന്നു. സെക്രട്ടറി റാങ്കിൽ അടുത്ത ഗ്രേഡിലേക്ക് പ്രമോഷൻ കിട്ടുന്നതിനു മുമ്പ് മിനിമം 6 മാസം ജില്ലാ കളക്ടറായി സേവനം ചെയ്യണം എന്നതിനാലാണ് അന്ന് അദ്ദേഹത്തെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചത്. ശ്രീരാം വെങ്കിട്ടരാമൻ ഇപ്പോൾ ജോ സെക്രട്ടറി റാങ്കിൽ മാത്രം സേവനം ചെയ്യുന്ന കുറ്റാരോപിതനായ ഉദ്യോഗസ്ഥനാണ്.
ഒരു മാധ്യമ പ്രവർത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അദ്ദേഹം.
ആ കേസ് കൃത്യമായി അന്വേഷിച്ചു എന്ന കള്ളമാണ് മുഖ്യമന്ത്രി രണ്ടാമത് പറഞ്ഞത്. മദ്യ ലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയ കേസിൽ വളരെ വൈകി വൈദ്യപരിശോധന നടത്തി. ഡോക്ടർമാരും പോലീസും ഐ എ എസ്‌ കാരും ചേർന്ന് ഒരു പ്രതിക്കു രക്ഷാകവചം ഒരുക്കിയത് മുഖ്യമന്ത്രിയുടെ സെപെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സർവ്വശക്തനായി ഭരണ നിയന്ത്രണം നടത്തിയപ്പോഴാണ്. ആറുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണം താമസിപ്പിച്ചതും ഇതേ ശക്തികളാണ്. ആദിവാസിയായ മധുവിന്റെ കൊലപാതക കേസിലും ,വാളയാർ പെൺകുട്ടികളുടെ കേസിലും പ്രതികൾക്കനുമായ നിലപാടുകളാണ് പിണറായി സർക്കാർ സ്വീകരിച്ചത്. പക്ഷേ സ്വന്തം പാർട്ടിക്കാർ പ്രതികളായ കേസുകളിലെല്ലാം സുപ്രീം കോടതിവരെ വാദിക്കുന്നതിന് പൊതു ഖജനാവിൽ നിന്നും പണം ചെലവഴിച്ചു. ബഷീറിന്റെ കൊലപാതക കേസിലും ഇതേ നയം തന്നെയാണ് തുടരുന്നത്.
ബഷീറിന്റെ കച്ചിലുണ്ടായിരുന്ന മൊബൈൽ ഫോൺ എവിടെ എന്ന ചോദ്യത്തിന് ഇന്നുവരെ കൃത്യമായ ഉത്തരം സർക്കാർ നൽകിയിട്ടില്ല. സ്വർണ്ണ കള്ളക്കടത്തു മുതൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പലതും ഈ മൊബൈൽ ഫോണിലുണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്.
സത്യസന്ധമായും ആത്മാർത്ഥമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിച്ചും സ്ഥലം മാറ്റിയും കൃത്യമായ നിയമനങ്ങൾ നൽകാതെ മാറ്റിനിർത്തിയും അവരുടെ ആത്മവീര്യം കെടുത്തുന്ന സർക്കാർ ശിവശങ്കരനും ശ്രീരാമിനും നൽകുന്ന കരുതലും തലോടലും സംരക്ഷണയും സംശയങ്ങൾ ഉണർത്തുന്നതാണ്. അത്തരം കാര്യങ്ങളെ നിശിതമായി വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെ പോലീസ് കേസിൽ പെടുത്തി ജയിലിലടയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
കേരള നിയമസഭക്ക് അകത്ത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയ ഒരു വിഷയം (ശ്രീ വിനു വി ജോണിന് എതിരായ കേസ്) ശ്രദ്ധയിൽ പെട്ടില്ല എന്നും പരാതി എഴുതി തന്നാൽ അന്വേഷിക്കാം എന്നും പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് നിയമസഭയോടുള്ള അവഹേളനവും, മാധ്യമ പ്രവർത്തകരോടുള്ള പുച്ഛവും ജനങ്ങൾക്കു നേരെയുള്ള പരിഹാസവുമാണ് ഒരേ സമയം വെളിവാക്കുന്നത് .
ഇ ഓഫീസിനെ കുറിച്ചും ഭരണത്തിന്റെ വേഗതയെ കുറിച്ചും വാചാലനായ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോൾ ലംഘിച്ച് ഒരു പത്രത്തിനെതിരെ കത്തെഴുതിയ സ്വന്തം മന്ത്രി സഭയിലെ അംഗവും ഇപ്പോൾ .MLA യുമായ ഒരാളിനോട് വിശദീകരണം ചോദിക്കാൻ ഈ സംവിധാനം ഒന്നും ഉപയോഗിക്കാൻ കഴിഞ്ഞില്ലേ എന്ന ചോദ്യം തിരിച്ചു ചോദിക്കേണ്ടിയിരിക്കുന്നു. യു സി രാമൻ പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *