പരുത്തിപ്പാറ നൗഷാദ് തിരോധന കേസിൽ വൻ വഴിതിരിവ്. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സനയുടെ മൊഴി കളവ്. നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. തൊടുപുഴയിലെ കുഴിമറ്റം എന്ന സ്ഥലത്ത് കഴിഞ്ഞ ഒന്നര വർഷമായി കൂലി പണി എടുത്ത് ജീവിക്കുകയായിരുന്നു നൗഷാദ്. ഭാര്യക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും അഫ്സാനയെ പേടിച്ചാണ് നാടുവിട്ട് തൊടുപുഴയിലേക്ക് പോയതെന്നും നൗഷാദ് പറഞ്ഞു. ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു. ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. പേടിച്ചിട്ടാണ് നാടുവിട്ടത്. ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാൻ താല്പര്യമില്ല. രാവിലെ പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പ്രതികരിച്ചു.

ജെയ്‌മോൻ എന്ന പോലീസ് ഉദ്യോ​ഗസ്ഥനാണ് കണ്ടെത്തിയത്. രണ്ട് വർഷമായി തൊടുപുഴയിൽ പറമ്പിൽ പണി ചെയ്ത് കഴിയുകയാണ് നൗഷാദ്. ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്സാന മൊഴിനല്കിയിരുന്നു. കേസിൽ അറസ്റ്റിലായ അഫ്സാന നിലവിൽ റിമാന്റിലാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷമായി. രണ്ട് കുട്ടികളുണ്ട്. 2021 നവംബർ ഒന്നു മുതൽ ആണ് അഫ്സാനയുടെ ഭർത്താവ് കലഞ്ഞൂർപാടം വണ്ടണി സ്വദേശി 34കാരൻ നൗഷാദിനെ കാണാതായത്. ബന്ധുവിന്റെ പരാതി പ്രകാരം കൂടൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മൂന്നുദിവസം മുമ്പ് പ്രതി അഫ്സാന ഭർത്താവ് നൗഷാദിനെ അടൂരിൽ വച്ച് കണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.

കൂടൽ എസ് എച്ച് ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ അഫ്സാനയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. താൻ ഭർത്താവിനെ കൊന്നു എന്ന മൊഴി അഫ്സാന നൽകി. മൃതദേഹം കുഴിച്ചുമൂടി എന്നും അറിയിച്ചു. പരുത്തിപ്പാറയിലെ വാടകവീട്ടിൽ ആകെ മൂന്നുമാസം മാത്രമാണ് താമസിച്ചതെന്നും നൗഷാദ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പ്രതി മൊഴി നൽകി. ഐപിസി 177, 182, 201, 297 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദിനെ കാണാതായതിനുള്ള വകുപ്പ് നിലനിർത്തിയാണ് അന്വേഷണം തുടർന്നത്. ഇന്നലെ വാടകവീട്ടിലെ മുറികളും പരിസരവും കുഴിച്ച് മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *