ന്യൂ ഡൽഹി: എസ്എഫ്‌ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള ഡൽഹി പോലീസിന്റെ നീക്കം എകെജി ഭവനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പോലീസ് സംഘം മടങ്ങിപ്പോയി.

2021-ലെ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയത് എന്നാണ് വിവരം. എന്നാൽ, കോക്രോച്ച് ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ ഐഷി സജീവമായി പങ്കെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഐഷിക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടിക്ക് ഒരുങ്ങുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്.

പോലീസ് നീക്കത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ജോൺ ബ്രിട്ടാസ് അടക്കമുള്ള സിപിഎം നേതാക്കളും എസ്എഫ്‌ഐ നേതാക്കളും സ്ഥലത്തെത്തുകയും പോലീസിനെ പ്രതിരോധിക്കുകയും ചെയ്തു. ഐഷിയെ ഹാജരാക്കിക്കൊള്ളാമെന്ന് നേതാക്കൾ ഉറപ്പുനൽകിയെങ്കിലും ആദ്യം അത് അംഗീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല.

അതേസമയം, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും ബ്രിട്ടാസ് പറഞ്ഞു.

ജന്തർ മന്തറിലെ സമരത്തിൽ പ്രതികാര നടപടി ഉണ്ടാകില്ല എന്നു കേന്ദ്രം പറഞ്ഞത് വെറുതേയായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് വന്നത്. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതുപോലെ ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനാണു ശ്രമിച്ചതെന്നും എം എ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *