മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകന്‍ ആയിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. എസ്‌സി എസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. ശബരിമലയ്്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നുവെങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *