സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും.സജി ചെറിയാൻ, എംവി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന സൂചന. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക.ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കി നിലവിലെ സ്പീക്കര്‍ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *