തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീടിന് മുന്നിൽ വെച്ച് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി ഉറപ്പിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പൊലീസ്. ദൃശ്യങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന പ്രതിഭാഗത്തിന്റെ സാധ്യതയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സൈബർ ഫോറൻസിക് പരിശോധനയിലൂടെയുള്ള ഈ നീക്കം.
ആക്രമണ സമയത്തെ ദൃശ്യങ്ങളും പ്രതികളുടെ യഥാർത്ഥ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്ത് രണ്ടും ഒരാൾ തന്നെയാണ് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖത്തിന്റെ രൂപത്തിന് പുറമെ ശരീരഘടന, പൊക്കം, മുടിയുടെ പ്രത്യേകതകൾ എന്നിവ വിലയിരുത്തുന്ന അനാട്ടമിക് പരിശോധനയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സൈബർ ഫോറൻസിക് ലാബിൽ നടക്കുന്ന ഈ പരിശോധനാ ഫലം മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും. ഇതിനുശേഷം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹർജി കോടതി നാളെ പരിഗണിക്കും.
