പിഎഫ്ഐ പിരിച്ചുവിട്ടതായി പ്രസ്താവനയിറക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം.പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.
പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
എ അബ്ദുല്‍ സത്താര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘമാണ് കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്ന് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ എടുത്തത്.ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *