കോട്ടയം: കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡിക്കെതിരെ സഹകരണമന്ത്രി വി.എന്‍ വാസവന്‍. നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തു. 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്ത്
ബാങ്കിലെ ആധാരങ്ങൾ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നൽകാൻ വൈകുന്നതെന്ന് പറഞ്ഞ മന്ത്രി, ബാങ്കിൽ നിന്ന് ആധാരങ്ങൾ എടുത്തുകൊണ്ടുപോകാൻ ഇ.ഡിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് നിശ്ചയിച്ച് 27 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ട്. ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഇ.ഡി ബാങ്കിലെ ആധാരങ്ങളെല്ലാം പെറുക്കിക്കൊണ്ട് പോയതുകൊണ്ടാണ് കാലതാമസം വരുന്നത്. 162 ആധാരങ്ങളാണ് ഇ.ഡി എടുത്തുകൊണ്ടുപോയത്. ഏതെങ്കിലും ബാങ്കില്‍നിന്ന് ആധാരം എടുത്തുകൊണ്ടുപോകാന്‍ ഇ.ഡിക്ക് എന്തവകാശം?. രേഖകളുണ്ടെങ്കില്‍ അത് പരിശോധിക്കുകയും വ്യാജ രേഖയുണ്ടെങ്കില്‍ എടുക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. എന്നാൽ ആധാരങ്ങള്‍ പെറുക്കിക്കൊണ്ട് പോകുകയും പണം അടയ്ക്കാനുള്ളവര്‍ പണം അടയ്ക്കാന്‍ വന്നാല്‍ അവര്‍ക്ക് ആധാരം മടക്കിക്കൊടുക്കണ്ടേ? ഇ.ഡി കൊണ്ടുപോയിരിക്കുന്ന ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് പണം കൊടുക്കുക. അതൊരു പ്രശ്നമായി വന്നിട്ടുണ്ട്. അല്ലെങ്കില്‍ കുറേക്കൂടി വേഗത്തില്‍ റിക്കവറി നടന്ന് മുന്നോട്ടു പോകുമായിരുന്നു’- മന്ത്രി കൂട്ടിച്ചേർത്തു.