ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന്റെ സ്മാരക വിവാദത്തില്‍ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഡല്‍ഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
നിലവില്‍ ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലുള്ള സിങിന്റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയാണ് ഐഐസിസിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്റെ വിശദീകരണം.
രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേര്‍ ഇന്നലെ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. മന്‍ മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.