അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍. പ്രതികളുടെ ഫോണുകള്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കലിന് തുല്യമാണെന്നും ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കുമെന്നും പ്രോസിക്യൂഷന്‍ . കോടതിയുടെ തീരുമാനം വന്ന ശേഷം അന്വേഷണ സംഘം ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികള്‍ മൊബൈല്‍ നശിപ്പിച്ചിരിക്കാമെന്നാണ് പ്രോസിക്യൂഷന്‍ സംശയിക്കുന്നത്.

അതേസമയം പ്രോസിക്യൂഷന്‍ ഉപഹര്‍ജിയെ എതിര്‍ക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഇതിനിടെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.

ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *