പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവമായി അഭിനയിക്കുകയാണെന്നും മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ഖാർഗെ പറഞ്ഞു.
‘രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും ജനങ്ങള്‍ മോദിയുടെ മുഖം കാണുന്ന രീതിയില്‍ അദ്ദേഹം എല്ലായിടത്തും സര്‍വ്വവ്യാപിയായിരിക്കുകയാണ്. പത്ത് അവതാരങ്ങളുള്ള വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാവാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ‘ദൈവം കളിച്ച്’ ആളുകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആളുകള്‍ വിഡ്ഢികളല്ല. അവര്‍ക്ക് അദ്ദേഹത്തിന്റെ കള്ളങ്ങളും വഞ്ചനയും കൃത്യമായി മനസ്സിലാക്കാനാകും’, ഖാര്‍ഗെ പറഞ്ഞു.

മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടിയും മതത്തിന്റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘മോദിയും ബിജെപിയും ആളുകളെ തരംതിരിക്കാനും വിദ്വേഷം ഉണ്ടാക്കാനും മതത്തെ ഉപയോഗിക്കുകയാണ്. രാജ്യത്തിന്റെ വികസനമോ ജനങ്ങളുടെ ക്ഷേമമോ അല്ല, അവര്‍ അവരുടെ ശക്തിയും അജണ്ടയും മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍, മതവും രാഷ്ട്രീയവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ കഴിയാതെയാവും’, അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *