ലഖ്‌നോ: അഞ്ചുതവണ ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ (63) മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അന്‍സാരിക്ക് ജയിലില്‍വെച്ച് വിഷം നല്‍കിയതാണെന്ന് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഉമര്‍ അറിയിച്ചു. ചൊവ്വാഴ്ച വയറുവേദനയെത്തുടര്‍ന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ഇതേ ആരോപണവുമായി സഹോദരനും ഗാസിപൂര്‍ എം.പിയുമായ അഫ്‌സല്‍ അന്‍സാരിയും രംഗത്തെത്തിയിരുന്നു. ജയില്‍ ഭക്ഷണത്തില്‍ കുറഞ്ഞ അളവില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്നംഗ സംഘം മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
തനിക്ക് ഭക്ഷണത്തോടൊപ്പം വിഷ പദാര്‍ഥം നല്‍കിയെന്നും മാര്‍ച്ച് 19ന് ഭക്ഷണം കഴിച്ച ശേഷം ഞരമ്പുകളും കൈകാലുകളും വേദനിക്കാന്‍ തുടങ്ങിയെന്നും അന്‍സാരി മാര്‍ച്ച് 20ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിക്ക് രേഖാമൂലം പരാതിയും നല്‍കിയിരുന്നു.
