അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹാഷിമും അനുജയും ഏറെകാലമായി അടുപ്പത്തിൽ ആയിരുന്നു.കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *