കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്കും വ്യാപിപ്പിച്ചു. പിടിയിലായവരിൽ പ്രധാനിയായ ഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ഒരു ക്രൂയിസ് പാർട്ടി സംഘടിപ്പിച്ചിരുന്നു. ഈ പാർട്ടിയിലേക്കും ലഹരി ഒഴുക്കിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും അന്വേഷണത്തിന് സഹായകരമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് കൊക്കെയ്ൻ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുമായി എട്ടുപേർ പിടിയിലായത്. കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, റെസ്റ്റോറന്റ് ഉടമ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്‌മെന്റ് ബിസിനസുകാരൻ ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷനിസ്റ്റ് അക്ബർ ഷാ എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാർ. പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയായ ഏവിയേഷൻ വിദ്യാർത്ഥിനി അമൽ റൗഫ്, തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ ഷാജി ഫെർണാണ്ടോ (ഷോൺ) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
പിടിയിലായവർക്കെല്ലാം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിമരുന്നിന്റെ സ്രോതസ്സിനെക്കുറിച്ചും സംഘം മുൻപ് നടത്തിയ പാർട്ടികളെക്കുറിച്ചും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
