വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ചോര പുരണ്ട പണമാണ് കോൺഗ്രസ് പിരിച്ചതെന്നും അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും സിപിഎം നേതാവ് എം സ്വരാജ് ആരോപിച്ചു.
വയനാട് ഫണ്ടിലേക്ക് കോൺഗ്രസ് എത്ര രൂപ പിരിച്ചു? അത് ഏത് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്? ഈ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കോൺഗ്രസ് തയ്യാറാകണം. ദുരന്തബാധിതർക്ക് നൽകേണ്ട പണം നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് വിനിയോഗിക്കുന്നത്. വയനാട്ടിൽ വീടുകൾ നിർമ്മിക്കാനായി ഭൂമി വാങ്ങിയെന്നും നിർമ്മാണം തുടങ്ങിയെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം പച്ചക്കള്ളമാണ്.
നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ പോലും അവിടെ തുടങ്ങിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായും സ്വരാജ് വിമർശിച്ചു. “അബദ്ധത്തിൽ പോലും സത്യം പറയരുത് എന്ന് ശഠിക്കുന്ന നേതാവായി വി.ഡി സതീശൻ മാറിയിരിക്കുന്നു. ഇത്തരമൊരു വിമർശനം ഉന്നയിക്കേണ്ടി വന്നതിൽ നിരാശയുണ്ട്,” സ്വരാജ് പറഞ്ഞു.
